ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ ബിജെപി അംഗത്തിന്റെ തെരഞ്ഞെടുപ്പ് കോടതി അസാധുവാക്കി

ചങ്ങനാശേരി: ( 12.09.2018) നഗരസഭാ 21-ാം വാര്‍ഡില്‍ (പെരുന്ന അമ്ബലം വാര്‍ഡ്) തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പിയിലെ എന്‍.പി കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് അസാധുവാണ് എന്ന് പ്രഖ്യാപിച്ച്‌ കോടതി. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച സൂര്യ നായര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ കൂടിയായ അഡ്വ. ഇ.എ സജികുമാര്‍ മുഖേന ചങ്ങനാശേരി മുന്‍സിഫ് കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് കോടതി ഉത്തരവായിട്ടുള്ളത്.

എം.പി കൃഷ്ണകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരനായി ജോലിചെയ്ത് വന്നിരുന്ന സമയത്ത് ഇലക്ഷനില്‍ മത്സരിക്കാന്‍ കഴിയില്ല എന്ന കാരണത്താലാണ് ചങ്ങനാശേരി മുന്‍സിഫ് ഡോണി തോമസ് വര്‍ഗീസ് തിരഞ്ഞെടുപ്പ് റദ്ദ് ചെയ്തിട്ടുള്ളത്. കേരള മുനിസിപ്പാലിറ്റി ആക്‌ട് 86-ാം വകുപ്പ് പ്രകാരം എന്‍.പി കൃഷ്ണകുമാറിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനായതിനാല്‍ തിരഞ്ഞെടുപ്പ് പത്രിക ഫയല്‍ ചെയ്യുന്നതിനോ മത്സരിക്കുന്നതിനോ അവകാശമില്ലെന്നും ചങ്ങനാശേരി മുനിസിപ്പാലിറ്റി 21-ാം വാര്‍ഡില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുവേണ്ടി വ്യാജ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ 15.10.2015 തീയതി തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന റിട്ടേണിംഗ് ഓഫീസര്‍ അനുചിതമായി പത്രിക സ്വീകരിച്ചിട്ടുള്ളതാണ് എന്നും ആയതിനാല്‍ ഹര്‍ജിക്കാരിയുടെ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുള്ളതായി ആരോപിച്ചുമാണ് തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്നും കാണിച്ച്‌ ഹര്‍ജിക്കാരി കോടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പില്‍ 05.11.2015ല്‍ നടന്ന തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രിക ഫയല്‍ ചെയ്ത സമയം എന്‍.പി കൃഷ്ണകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഏറ്റുമാനൂര്‍ ഗ്രൂപ്പിലെ കടുത്തുരുത്തി ദേവസ്വത്തില്‍ സ്പെഷ്യല്‍ ഗ്രേഡ് സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയില്‍ ജോലി ചെയ്തുവരികയായിരുന്നു. 21-ാം വാര്‍ഡില്‍ മത്സരിക്കുന്നതിലേക്ക് 12.10.2015 തീയതിയില്‍ എന്‍.ഒ.സി കരസ്ഥമാക്കിയാണ് എന്‍.പി കൃഷ്ണകുമാര്‍ നാമനിര്‍ദ്ദേശപത്രിക ഫയല്‍ ചെയ്തത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് 30.09.2016 തീയതിയിലെ ദേവസ്വം കമ്മീഷണറുടെ ഉത്തരവ് പ്രകാരം അവധി നല്‍കിയിരുന്നതാണ്.

കേരള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമോ കേരള മുനിസിപ്പാലിറ്റി ആക്ടിലെ നിയമങ്ങള്‍ പ്രകാരമോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിന് അയോഗ്യതയില്ലായെന്നും കേരളത്തിലെ 1200 ഓളം ക്ഷേത്രങ്ങളിലെ ഭരണനിര്‍വ്വഹണത്തിനുവേണ്ടി രാജാവും കേരള സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാറിന്റെ (കവനന്റ്) അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലവില്‍ വന്നിട്ടുള്ളതാണെന്നും സംസ്ഥാനത്ത് രൂപീകരിക്കപ്പെട്ട നിയമത്തിന്റെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരെ ശമ്ബളം കൈപ്പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കാന്‍ കഴിയുകയില്ലെന്നും കേരള മുനിസിപ്പാലിറ്റി നിയമത്തിലെ ബോര്‍ഡ് എന്ന നിര്‍വചനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടുകയില്ലായെന്നും 1978ലെ ഗുരുവായൂര്‍ ദേവസ്വം ആക്‌ട് പ്രകാരം ഗുരുവായൂര്‍ ദേവസ്വത്തിലെ ജീവനക്കാര്‍ ബോര്‍ഡിന്റെ ജീവനക്കാര്‍ എന്ന നിര്‍വചനത്തില്‍ വരികയില്ല എന്നും എതൃഹര്‍ജിക്കാരനായ എന്‍.പി കൃഷ്ണകുമാര്‍ കേസില്‍ തര്‍ക്കം ഉന്നയിച്ചിരുന്നു.

എന്നാല്‍ 1950ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്‌ട് പ്രകാരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 86-ാം വകുപ്പ് പ്രകാരമുള്ള ബോര്‍ഡ് എന്ന നിര്‍വചനത്തില്‍ വരുന്നതാണെന്നും ഗുരുവായൂര്‍ ദേവസ്വം ആക്‌ട് പ്രകാരം ഗുരുവായൂര്‍ ക്ഷേത്രഭരണത്തിനുവേണ്ടി മാത്രം രൂപീകൃതമയിട്ടുള്ള ഒരു കമ്മിറ്റിയാണ് എന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുവേണ്ടി കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 86-ാം വകുപ്പിനെ മറികടന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്ക് എന്‍.ഒ.സി നല്‍കുന്നതിനും അവകാശമില്ലായെന്നും നാളിതുവരെ കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ തിരികെ നല്‍കണമെന്നും കോടതി ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ളതാണ്. ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ ബി.ജെ.പി അംഗങ്ങളുടെ പ്രാതിനിധ്യം ഇതോടെ മൂന്നായി ചുരുങ്ങിയിട്ടുള്ളതാണ്.

Copyright@2018Mediacafe-All rights recerved.